മലപ്പുറം- താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഇയാളുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. രാസപരിശോധന ഫലം പുറത്തുവന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
അതേസമയം, കസ്റ്റഡി മരണം സംബന്ധിച്ച കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റജി എം കുന്നിപ്പറമ്പൻ അന്വേഷിക്കും. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കുഞ്ഞിമൊയ്തീൻ കുട്ടി മേൽനോട്ടം വഹിക്കും.
ലഹരിക്കടത്ത് കേസിൽ താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി ചെമ്മാട് സ്വദേശിയും മമ്പുറം മൂഴിക്കൽ താമസക്കാരനുമായ സാമി ജിഫ്രി (30)യെയാണ് പോലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടത്തിയത്.ലഹരിക്കടത്ത് സംഘത്തോടൊപ്പം തിങ്കളാഴ്ച അർധരാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്.താനൂർ ദേവധാർ മേൽപ്പാലത്തിന് താഴെ വച്ച് 18 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.അറസ്റ്റിലായ അഞ്ചു പേർക്കും തിങ്കളാഴ്ച രാത്രി ഭക്ഷണം നൽകി സ്റ്റേഷനിലെ സെല്ലിലേക്ക് മാറ്റിയതായിരുന്നു. പുലർച്ച നാലരയോടെ ശാരീരികാസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.തുടർന്ന് മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജീവൻ രക്ഷിക്കാനായില്ല.സ്റ്റേഷനിൽ കഴിയുമ്പോഴും അയാൾ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.