ടോക്കിയോ-പ്രായത്തെ പിടിച്ച് നിര്‍ത്താന്‍ പറ്റിയില്ലെങ്കിലും മനുഷ്യന് ദീര്‍ഘായുസ് കൂടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യവിഭാഗത്തിന്റെ കണക്കുകളും കാണിക്കുന്നു. 1960-ല്‍ ജനിച്ച ഒരാള്‍ക്ക് 52 വയസ്സ് വരെ ജീവിക്കാന്‍ കഴിയുമെന്നായിരുന്നു കണക്കെങ്കില്‍, മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 72 വയസുവരെയായി വര്‍ദ്ധിച്ചു. ആരോഗ്യരംഗത്തുണ്ടായ കുതിച്ച് ചാട്ടമാണ് ഈ വര്‍ദ്ധനവിന് കാരണം. എന്നാല്‍, ജപ്പാനിലെ ഒരു ദ്വീപില്‍ 100 വയസ് കടന്നവരുടെ എണ്ണം ലോകത്തിലെ മറ്റേത് പ്രദേശത്തെക്കാളും കൂടുതലാണ്. ഈ ദ്വീപ് ഇന്ന് 'അനശ്വരന്മാരുടെ നാട്' എന്നറിയിപ്പെടുന്നു.
ജപ്പാനിലെ ഒകിനാവ ദ്വീപാണ് 'അനശ്വരരുടെ നാട്' എന്നറിയപ്പെടുന്നത്. തായ്വാനും ജാപ്പനീസ് പ്രധാന ദ്വീപിനും ഇടയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ അഞ്ച് 'നീല മേഖലകളില്‍' ഒന്നാണിത്. ലോകത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ കാലം മനുഷ്യന്‍ ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്നതോ അടുത്തകാലത്തായി ജീവിച്ചിരുന്നതോ ആയ പ്രദേശങ്ങളെയാണ് നീല മേഖലകള്‍ എന്ന് വിളിക്കുന്നത്. ലോകത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആളുകള്‍ വളരെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്ന സ്ഥലങ്ങളാണ് ഇവ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ 100 വയസ് പിന്നിട്ട മനുഷ്യര്‍ ജീവിക്കുന്ന സ്ഥലവും ഇതാണ്. 2020 ലെ സെന്‍സസ് പ്രകാരം, ഒകിനാവയിലെ സ്ത്രീകള്‍ ശരാശരി 87.44 വയസ്സ് വരെ ജീവിക്കുമ്പോള്‍ പുരുഷന്മാര്‍ ശരാശരി 80.27 വയസ്സ് വരെ ജീവിക്കുന്നു.
ഡ്രൂ ബിന്‍സ്‌കി എന്ന യൂട്യൂബ് ബ്ലോഗര്‍ ഒകിനാവ ദ്വീപ് സന്ദര്‍ശിച്ച്, ഈ ദ്വീപിലെ ആളുകളുടെ ദീര്‍ഘായുസ്സിനെക്കുറിച്ചുള്ള നിരവധി രഹസ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാവിലെ 6.30 ന് ഫിറ്റ്നസ് ക്ലാസ്സില്‍ നിന്നാണ് ദ്വീപ് നിവാസികളുടെ ഒരു ദിവസം ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഒകിനാവാന്‍സ് ഇത്രയും കാലം ജീവിക്കുന്നതെന്ന് ഡ്രൂ ബിന്‍സ്‌കി താന്‍ പരിചയപ്പെട്ട, 80 വയസ് പിന്നിട്ട ഒരു സ്ത്രീയോട് ചോദിക്കുന്നു. 'വീടിനുള്ളില്‍ പോലും, അവര്‍ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നുവെന്നായിരുന്നു.' മാത്രമല്ല അവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം കടല്‍പ്പായലും അരിയും പംക്കിനും കടല്‍ മത്സ്യവും മറ്റുമായിരുന്നു.