ന്യൂദൽഹി- ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പിൻവാതിൽ എൻ.ആർ.സിയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. പൗരത്വ രജിസ്ട്രേഷൻ (നാഷണൽ രജിസ്‌ട്രി ഓഫ് സിറ്റിസൺസ് -എൻആർസി) പിൻവാതിലിലൂടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്സഭയിൽ കരട് ബില്ലിലെ വ്യവസ്ഥകളെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണിത്. വോട്ടർ റോൾ, ആധാർ, ദേശീയ ഭക്ഷ്യ സുരക്ഷ,പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ മറ്റ് ഡാറ്റാബേസുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡാറ്റാബേസുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നിയമം സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
ഇത്തരം വൈവിധ്യമാർന്ന ഡാറ്റ പരസ്പരം ബന്ധിപ്പിക്കുന്നത് സ്വകാര്യതക്കുള്ള അവകാശത്തിന്റെ മർമം തന്നെ തകർക്കുന്നതാണ്. പൗരത്വ നിയമത്തിൽ ഏതെങ്കിലും ജനസംഖ്യാ രജിസ്റ്ററിനെ കുറിച്ച് പരാമർശമില്ല. ഇതൊരു പിൻവാതിൽ എൻആർസിയാണ്, ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്- ഹൈദരാബാദിൽ നിന്നുള്ള ലോക്‌സഭാംഗമായ ഉവൈസി പറഞ്ഞു.
വിവിധ പദ്ധതികളുടെ പ്രയോജനങ്ങൾ ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ വ്യക്തമായ മനസ്സോടെയാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നതെന്ന് ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
അംഗങ്ങൾ കോവിഡ് കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ വിവരങ്ങൾ അന്വേഷിക്കുമ്പോൾ ഡാറ്റ ലഭ്യമല്ല എന്നാണ് സർക്കാർ പറയുന്നതെന്ന് ഉവൈസി ആരോച്ചു. എന്നാൽ എല്ലാ വ്യക്തിപരവും സ്വകാര്യവുമായ ഡാറ്റ ശേഖരിക്കാനും അത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനും അവകാശമുണ്ടെന്നാണ് സർക്കാർ കരുതുന്നത്. ഇംഗ്ലീഷിൽ 'പീപ്പിംഗ് ടോം' എന്നൊരു പ്രയോഗമുണ്ട്. ഹിന്ദുസ്ഥാനിയിൽ അതിനെ ‘ജാങ്കു അങ്കിൾ’ എന്ന് വിളിക്കണം, അതാണ് സർക്കാർ ചെയ്യുന്നത്, ”അദ്ദേഹം പറഞ്ഞു.
ജനന-മരണ രജിസ്ട്രേഷൻ നിയമത്തിന് കീഴിലുള്ള നിർദ്ദിഷ്ട ദേശീയ ഡാറ്റാബേസ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാനുസൃതമല്ലെന്ന് ഉവൈസി പറഞ്ഞു.ഈ ഡാറ്റ വോട്ടവകാശം നിഷേധിക്കുന്നതിനും അടിച്ചമർത്തലിനും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. ചില ഇലക്ടറൽ കൺസൾട്ടൻറുകൾക്ക് വോട്ടർമാർ, അവരുടെ ജാതി, മതം എന്നിവയെക്കുറിച്ചുള്ള ഡാറ്റ നൽകുന്ന ഡാറ്റാബേസ് സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.