ന്യൂദൽഹി- ദൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ഗവൺമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ദൽഹി (ഭേദഗദി)ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്്. ദൽഹിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള അധികാരം ദൽഹി സർക്കാറിനാണെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് മറികടക്കുന്നതിനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസ് ചോദ്യം ചെയ്ത് ദൽഹി സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നിരിക്കുന്നത്. ബില്ലിനെ ശക്തമായി എതിർത്ത് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. സഹകരണ ഫെഡറലിസത്തിന്റെ ശവപ്പറമ്പാണ് ബില്ലെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ അട്ടിമറിക്കുന്നതാണ് ഈ ബില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. അവിശ്വാസ പ്രമേയം നിലനിൽക്കുമ്പോൾ ബിൽ കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയും ചൂണ്ടിക്കാട്ടി. തൃണമൂൽ അംഗം സൗഗതാ റോയിയും ബില്ലിനെ എതിർത്തു. എൻ.കെ പ്രേമചന്ദ്രൻ, അസദുദ്ദീൻ ഉവൈസി തുടങ്ങിയവരും ബില്ലിനെ എതിർത്തു ലോക്സഭയിൽ സംസാരിച്ചു. എന്നാൽ, ഇങ്ങനെയൊരു ബിൽ കൊണ്ടുവരാൻ സർക്കാറിന് അധികാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാറിനുള്ള ഭരണഘടനാപരമായ അധികാരം സുപ്രിംകോടതി ശരിവച്ചിട്ടുണ്ടെന്നും അമിത്ഷാ വാദിച്ചു. ബില്ല് ലോക്സഭയിൽ പാസ്സാക്കാൻ സർക്കാറിന് അനായാസം കഴിയും എന്നാൽ രാജ്യസഭയിൽ സർക്കാറിന് സ്വന്തമായി കഴിയില്ല. അതേസമയം, ബില്ലിനെ പിന്തുണച്ച് ബിജു ജനതാദളും വൈ.എസ്.ആർ കോൺഗ്രസും രംഗത്തെത്തി. ഇത് രാജ്യസഭയിൽ ബിൽ പാസാക്കാൻ കേന്ദ്ര സർക്കാറിനെ സഹായിക്കും. ഈ ബിൽ പാസാക്കുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട ദൽഹി സർക്കാറിനെ മറികടന്ന് ലഫ്റ്റനന്റ് ഗവർണർ വഴി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര സർക്കാറിന്റെ കൈവശമെത്തും.