Sorry, you need to enable JavaScript to visit this website.

രാജ്യ വ്യാപകമായി മദര്‍ തെരേസ ചാരിറ്റി സ്ഥാപനങ്ങളില്‍ പരിശോധന

ന്യൂദല്‍ഹി- അനധികൃത ദത്തെടുക്കല്‍ സംബന്ധിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി രാജ്യ വ്യാപകമായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന.  കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി മേനകാ ഗാന്ധിയാണ് മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തണമെന്നു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം തന്നെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിയുടെ (സി.എ.ആര്‍.എ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്് ഒരു മാസത്തിനുള്ളില്‍ ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റാഞ്ചിയിലെ സ്ഥാപനത്തില്‍ കുട്ടിയെ വില്‍പന നടത്തിയെന്ന ആരോപണത്തിന്റെ മറവിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളെ തെരഞ്ഞു പിടിച്ചു പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. റാഞ്ചിയില്‍ നടന്ന സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തുന്നതിന് പകരമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ കുട്ടികളെ ദത്തെടുക്കുന്നതിനു അംഗീകാരം നല്‍കാനുള്ള ചുമതല ജില്ലാ മജിസ്‌ട്രേറ്റിനോ  കലക്ടര്‍ക്കോ ചുമതലപ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുമെന്ന് ഇന്നലെ മേനക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
റാഞ്ചിയിലെ സംഭവത്തെ തുടര്‍ന്ന് വ്യാജ വാര്‍ത്തകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും വ്യാപകമായി പരക്കുന്നതില്‍ ദുഃഖം രേഖപ്പെടുത്തിയും യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു വിശദീകരിച്ചും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ എം. പ്രേമ പ്രസ്താവന ഇറക്കി.  
2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളെല്ലാം തന്നെ സി.എ.ആര്‍.എയുടെ കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ ചില അനാഥാലയം നടത്തിപ്പുകാര്‍ ഈ വ്യവസ്ഥ ചോദ്യം ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നായിരുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളെ അടിയന്തരമായി ഇതിനു കീഴില്‍ കൊണ്ടുവരുമെന്നാണ് സി.എ.ആര്‍.എ സി.ഇ.ഒ റിട്ട. ലെഫ്. കേണല്‍ ദീപക് കുമാര്‍ പറഞ്ഞത്.
 രാജ്യത്തെ 2300 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ ഇതു വരെ സി.എ.ആര്‍.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4000 ല്‍ അധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് പ്രവര്‍ത്തനം തുടരുന്നത്. ഇത് വിവിധ സമുദായ, സന്നദ്ധ സംഘടനകളുടെ കീഴിലുള്ളവയാണ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം ശിശു സംരക്ഷണ കേന്ദ്രങ്ങളിലായി 2,32,937 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായി കഴിയുന്നുണ്ട്.

 

Latest News