ന്യൂദൽഹി- ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന എം. ശിവശങ്കറിന് കാര്യമായ അസുഖങ്ങൾ ഒന്നുമില്ലെന്നും ജാമ്യം ലഭിക്കാൻ വേണ്ടി അസുഖം അഭിനയിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയുടെ മറുപടി സത്യവാങ്മൂലത്തിലാണ് ഇ.ഡി ഇക്കാര്യം പറഞ്ഞത്. ജാമ്യാപേക്ഷക്കൊപ്പം ഫയൽ ചെയ്ത മെഡിക്കൽ റിപ്പോർട്ട് ഡോക്ടർ പരിശോധിക്കാതെയാണ് തയ്യാറാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. തങ്ങളുടെ കസ്റ്റഡിയിൽ ശിവശങ്കർ ഉണ്ടായിരുന്ന കാലത്താണ് ഇത്തരത്തിൽ മെഡിക്കൽ റിപ്പോർട്ട് നൽകിയത്. അക്കാലത്ത് ഡോക്ടർ ശിവശങ്കറിനെ നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ പ്രേം മാലിക് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നേരത്തെയും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയത്. എന്നാൽ വിരമിക്കുന്നത് വരെ അദ്ദേഹം ഓഫീസിൽ പോയി. ഇതിൽനിന്ന് അദ്ദേഹത്തിന് കാര്യമായ അസുഖങ്ങളില്ലെന്ന് വ്യക്തമാണെന്നും ഇ.ഡി പറയുന്നു.