ന്യൂദൽഹി- അഞ്ച് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹരിയാനയിലെ നുഹിൽ തുടങ്ങിയ വർഗീയ സംഘർഷത്തിന്റെ അലയൊലികൾ 40 കിലോമീറ്റർ അകലെയുള്ള ബാദ്ഷാപൂരിലെത്തി. ഇന്ന് വൈകുന്നേരം മതപരമായ മുദ്രാവാക്യവും വിളിച്ച് പ്രകോപിതരായി എത്തിയ ജനക്കൂട്ടം റെസ്റ്റോറന്റുകളും കടകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടെ ഇരുനൂറോളം വരുന്ന ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് പ്രദേശത്തേക്ക് കടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി കടകൾ നശിപ്പിക്കുകയും ഒരു റസ്റ്റോറന്റിന് തീയിടുകയും ചെയ്തു. ആർക്കും പരിക്കില്ല. ഇറച്ചിക്കടകളാണ് തകർത്തവയിൽ ഏറെയും. ദൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നുഹിൽ ഇന്നലെ നടന്ന ഒരു മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
വൈകുന്നേരത്തോടെ ആക്രമത്തിന്റെ ശക്തി കൂടുകയും ചെയ്തു. അർദ്ധരാത്രിയിൽ ഒരു മസ്ജിദ് അക്രമികൾ കത്തിച്ചു. നുഹിലും അയൽപക്കത്തെ ഗുരുഗ്രാമിലും അക്രമം അഴിച്ചുവിട്ട ജനക്കൂട്ടം നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടുന്നു. മുസ്ലിം പള്ളിയിലെ ഇമാമും ആക്രമികളാൽ കൊല്ലപ്പെട്ടു. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് ഇതേവരെ 44 കേസുകൾ രജിസ്റ്റർ ചെയ്തു. 70 പേരെ അറസ്റ്റ് ചെയ്തു.
ഭരത്പൂരിൽ നിന്നുള്ള രണ്ടു മുസ്ലിംകളെ തീവെച്ചുകൊന്ന കേസിലെ പ്രതി, ബജ്‌റംഗ്ദൾ പ്രവർത്തകൻ മോനു മനേസർ റാലിയിൽ പങ്കെടുക്കുന്നുണ്ടെന്ന അഭ്യൂഹത്തെ തുടർന്നാണ് അക്രമം ആരംഭിച്ചത്.
ഫെബ്രുവരിയിൽ ജുനൈദ്, നസീർ എന്നിവരെ കാറിൽ വെച്ച് മർദ്ദിച്ച് ജീവനോട് കത്തിച്ച കേസിലെ പ്രതിയായിരുന്നു മോനു മനേസർ. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ മോനു മനേസർ ഘോഷയാത്രയിൽ പങ്കെടുക്കാൻ ആളുകളോട് ആവശ്യപ്പെടുകയും താനും റാലിക്കെത്തുമെന്നും പറഞ്ഞിരുന്നു. ഇയാളുടെ കൂട്ടാളികളും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു. മോനു മനേസർ, ബിട്ടു ബജ്രംഗി എന്നിവരുടെ പ്രസ്താവനകളിൽ ആളുകൾ രോഷാകുലരായിരുന്നു, മോനു മനേസറിൽ വന്നതായി കിംവദന്തികൾ പ്രചരിക്കുകയും ചെയ്തു. ഇതിനിടെയാമ് ആക്രമം ആരംഭിച്ചതെന്ന് നുഹിൽ നിന്നുള്ള എംഎൽഎ ചൗധരി അഫ്താബ് പറഞ്ഞു.
'അന്തരീക്ഷം വഷളാകുന്നുണ്ടെന്നും ഘോഷയാത്രക്ക് അനുമതി നൽകരുതെന്ന് ഞാൻ ഒരു ദിവസം മുമ്പ് ഭരണകൂടത്തോട് പറഞ്ഞിരുന്നു. പക്ഷേ അവർ സമ്മതിച്ചില്ല. മോനു മനേസറിന്റെ പ്രസ്താവന കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
അക്രമികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉറപ്പ് നൽകി. ' സംഭവം ദൗർഭാഗ്യകരമാണ്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല, അവർക്കെതിരെ കർശന നടപടി സ്വീകരിക്കും,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.