Sorry, you need to enable JavaScript to visit this website.

ആരും കുറ്റം സമ്മതിച്ചുപോകുന്ന മര്‍ദനം, നേതൃത്വം നല്‍കിയത് ഡിവൈ.എസ്.പിയെന്ന് അഫ്‌സാന

പത്തനംതിട്ട- പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിലെ പ്രതിയായിരുന്ന അഫ്‌സാന. തന്നെ മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയത് ഡിവൈ.എസ്.പിയാണ്.  തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും അഫ്‌സാന പറഞ്ഞു.

'ഭര്‍ത്താവിനെ കൊല്ലാന്‍ മാത്രം ക്രൂരയല്ല ഞാന്‍. എനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടത് പോലീസാണ്. കുഴി ഞാനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും ഞാന്‍ കാണിച്ച് കൊടുത്തിട്ടില്ല. പോലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്തത്. എനിക്ക് ഇങ്ങനെയൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. ഏറ്റവും തലപ്പത്തിരിക്കുന്ന ഡിവൈ.എസ്.പിയാണ് എന്നെ മര്‍ദിച്ചത്, പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും. മറ്റുള്ളവരുടെ പേരറിയില്ല, കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും എന്നെ മര്‍ദിച്ചു. കൈ ചുരുട്ടിയാണ് അവര്‍ അടിച്ചത്. ഒരു ആണിനെപോലും ഇങ്ങനെ ഉപദ്രവിക്കില്ല. എനിക്ക് എന്റെ കുടുംബമാണ് വലുത്. അവരെ പ്രതികളാക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തി.'

'ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളായിരുന്നു. പോലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാന്‍ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞാന്‍ സമ്മതിച്ചു. കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് റൂമില്‍ വച്ചാണ് മര്‍ദിച്ചത്. ഞാന്‍ ജയിലില്‍ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാല്‍ അവിടെ ധാരാളം ക്യാമറകളുണ്ടായിരുന്നു.' അഫ്‌സാന പറഞ്ഞു.

 

Latest News