താനെ- മഹാരാഷ്ട്രയിലെ താനെയില്‍ 11 വയസ്സായ സ്‌കൂള്‍ കുട്ടിയുടെ മൃതദേഹം തലയറുത്ത നിലയില്‍ കണ്ടെത്തി. ഉല്ലാസ് നഗറിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം താമസിക്കുന്ന സ്വന്തം വീട്ടില്‍നിന്ന് അധികം ദൂരെയല്ലാത്ത മറ്റൊരു വീട്ടിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് വരെ കുട്ടി മാതാപിതാക്കളോടൊപ്പം തന്നെ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം. ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി ഉല്ലാസ് നഗര്‍ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ അങ്കിത് ഗോയല്‍ പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തന്‍ പോലീസ് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.