ന്യൂദൽഹി-കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. 51 അംഗങ്ങളുള്ളതാണ് സമിതി. 23 അംഗങ്ങളും 19 സ്ഥിരം ക്ഷണിതാക്കളും ഒൻപത് പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടും. അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ പരമോന്നത നയരൂപീകരണ വേദിയായ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് മുതിർന്ന അംഗം എ.കെ. ആന്റണി പ്രവർത്തക സമിതിയിൽ സ്ഥാനം നിലനിർത്തി. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായി പുതുതായി ഉൾപ്പെടുത്തി. ദൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ സ്ഥിരാംഗമാണ്.
വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവർ സ്ഥിരം ക്ഷണിതാക്കളാണ്. പോഷക സംഘടനകളായ ഐ.എൻ.ടി. യു.സി, സേവാദൾ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻ.എസ്.യു.ഐ എന്നിവയുടെ അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളുമാണ്. ജൂലൈ 22 ന് പുതിയ സമിതിയുടെ ആദ്യ യോഗം ചേരും. യോഗത്തിൽ സംസ്ഥാന അധ്യക്ഷന്മാരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കന്മാരെയും രാഹുൽ ക്ഷണിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, ഡോ. മൻമോഹൻ സിങ്, മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, എ.കെ. ആൻണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, ഉമ്മൻ ചാണ്ടി, തരുൺ ഗോഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശർമ, ഹരീഷ് റാവത്ത്, കുമാരി ഷെൽജ, മുകുൾ വാസ്‌നിക്, അവിനാശ് പാണ്ഡ്യ, കെ.സി. വേണുഗോപാൽ, ദീപക് ബബാരിയ, തമരദ്വാജ് സാഹു, രഘുവീർ മീണ, ഗൈഖൻഗം, അശോക് ഗെഹ്ലോട്ട് എന്നിവരാണ് പ്രവർത്തക സമിതിയംഗങ്ങൾ. സമിതിയെ പ്രഖ്യാപിക്കാൻ ഫെബ്രുവരിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം രാഹുലിനെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയിലെ പകുതിയംഗങ്ങളെ പ്ലീനറി സമ്മേളനം തെരഞ്ഞെടുക്കുകയും പകുതിപ്പേരെ കോൺഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യുകയുമാണ് നടപടിക്രമം. എന്നാൽ പ്ലീനറി സമ്മേളനം സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു.