നയ്പിയ്ഡാവ്-മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും നോബല്‍ സമ്മാന ജേതാവുമായ ഓംഗ് സാന്‍ സൂചിയ്ക്ക് (78) സൈനിക ഭരണകൂടം മാപ്പ് നല്‍കി. 2021ല്‍ മ്യാന്‍മറിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ 33 വര്‍ഷത്തെ തടവ് ശിക്ഷയാണ് സൂചിയ്ക്ക് വിധിച്ചത്. ഇതേത്തുടര്‍ന്ന് സൈനിക തടങ്കലിലായിരുന്ന സൂചി അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി വീട്ടുത്തടങ്കലിലായിരുന്നു.
അഞ്ച് കുറ്റകൃത്യങ്ങള്‍ക്കാണ് സൂചിയ്ക്ക് മാപ്പ് നല്‍കിയത്. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് ഏഴായിരത്തിലധികം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയതില്‍ ഉള്‍പ്പെടുത്തിയാണ് സൂചിയ്ക്കും മാപ്പ് നല്‍കിയതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തടവില്‍ ആറുവര്‍ഷത്തെ ഇളവ് ലഭിച്ചിരിക്കുകയാണ് സൂചിയ്ക്ക്. എന്നാല്‍ സൂചിയ്ക്ക് 33ല്‍ 27 വര്‍ഷത്തെ തടവും വീട്ടുത്തടങ്കലും തുടരേണ്ടി വരുമെന്നാണ് വിവരം.വിവിധ അഴിമതിക്കേസുകളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശിക്ഷ. 2020 നവംബറിലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ ജയത്തിനുവേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലും സൂചിക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സൂചി നിഷേധിച്ചിരുന്നു.