കൊച്ചി - ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം പോക്‌സോ കോടതി. സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി പോലീസിനേട് ആവശ്യപ്പെട്ടു. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇരയാക്കപ്പെട്ട കുട്ടിയുടെ ചിത്രം വിവിധ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തിയത്. പ്രതി അസഫാക് ആലത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നതിനെയും കോടതി വിമര്‍ശിച്ചു. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.