ഗുരുഗ്രാം- ഹരിയാനയെ പിടിച്ചുകുലുക്കിയ വർഗീയ സംഘർഷത്തിൽ മരണം നാലായി. നാലു പേർ കൊല്ലപ്പെട്ടതിനു പുറമെ, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിയാനയിലെ നുഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാം ഉൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സംഘർഷം വ്യാപിച്ചു. സംഘ്പരിവാർ ജനക്കൂട്ടം പള്ളിക്ക് തീയിടുകയും വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ മസ്ജിദിലെ ഇമാം മൗലാന സാദ് കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മരിച്ചവരിൽ രണ്ട് ഹോം ഗാർഡുകളായ ഗുരുസേവക്, നീരജ് എന്നിവരും ഒരു അജ്ഞാതനും ഉൾപ്പെടുന്നു.
മോനു മനേസർ എന്ന മോഹിത് യാദവ് വിഎച്ച്പി ഘോഷയാത്രയ്ക്കിടെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അക്രമം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ബജ്‌റംഗ്ദൾ പശു സംരക്ഷകനാണ് മോഹിത്. ഇയാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെ, മേവാത്തിലെ ശോഭാ യാത്രയെക്കുറിച്ച് അറിയിക്കുകയും അനുയായികളോട് വൻതോതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വീഡിയോ മോഹിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരുന്നു.
മുസ്ലീം സഹോദരന്മാരായ ജുനൈദ് (35), നസീർ (25) എന്നിവരെ പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി മർദിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് മോഹിത്. ഫെബ്രുവരി 16ന് ഹരിയാനയിലെ ഭിവാനി ജില്ലയിൽ കത്തിക്കരിഞ്ഞ വാഹനത്തിനുള്ളിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മുസ്ലീം ആധിപത്യമുള്ള നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്നയിലെ ജനക്കൂട്ടം ന്യൂനപക്ഷ സമുദായത്തിന്റെ നിരവധി വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
നുഹ്, ഗുരുഗ്രാം ജില്ലകളിൽ ആളുകൾ കൂട്ടംകൂടുന്നത് വിലക്കിക്കൊണ്ടുള്ള നിരോധന ഉത്തരവുകൾ കർശനമാക്കി. നൂഹിലും ഫരീദാബാദിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഫരീദാബാദ്, പൽവാൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.