ചെന്നൈ- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മത്സരിപ്പിക്കാനുള്ള ആലോചനയുമായി ബി.ജെ.പി. സുരക്ഷിതമണ്ഡലത്തിനായുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നേരത്തെ രാമനാഥപുരത്തുനിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഉപേക്ഷിച്ചമട്ടാണ്. കന്യാകുമാരിയും കോയമ്പത്തൂരുമാണ് പരിഗണിക്കുന്നത്.
വാരണാസിയില്‍ വീണ്ടും ജനവിധി തേടുന്നതിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ രാമേശ്വരമടങ്ങുന്ന രാമനാഥപുരത്ത് കൂടി മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരേ പോലെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി. ദക്ഷിണേന്ത്യന്‍ സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലെ അഭിപ്രായവും ഇതായായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നടത്തുന്ന പദയാത്ര തുടങ്ങിയതും രാമേശ്വരത്തുനിന്നാണ്. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാമനാഥപുരത്ത് ബി.ജെ.പി. സംഘടനാ സംവിധാനം ദുര്‍ബലമാണ്. പൂര്‍ണമായും എ.ഐ.എ.ഡി.എം.കെ.യെ ആശ്രയിച്ച് മോഡി മത്സരിക്കാനെത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് പാര്‍ട്ടിക്ക് ശക്തമായവേരോട്ടമുള്ള കന്യാകുമാരിയും കോയമ്പത്തൂരും ഇടംപിടിച്ചത്.
ദ്രാവിഡ കക്ഷികള്‍ അരങ്ങുവാഴുന്ന തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നിര്‍ണായക ശക്തിയായ ഏക ലോക്‌സഭാ മണ്ഡലമാണ് കന്യാകുമാരി. 2014-ല്‍ പൊന്‍രാധാകൃഷ്ണന്‍ വിജയിച്ചിട്ടുണ്ട്. കന്യാകുമാരി കഴിഞ്ഞാല്‍ ബി.ജെ.പി. ശക്തമായ വേരുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍. ദ്രാവിഡ കക്ഷികളുമായി സഖ്യമില്ലാതെ മത്സരിച്ച 2014-ല്‍ ബി.ജെ.പി. ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മോഡിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. മോഡി മത്സരിച്ചാല്‍ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കി. അതേസമയം മോഡിയെ പരാജയപ്പെടുത്താന്‍ ഡി.എം.കെ.യ്ക്ക് കഴിയുമോയെന്ന് ബി.ജെ.പി. നേതാവ് ഖുശ്ബു വെല്ലുവിളിച്ചു.