Sorry, you need to enable JavaScript to visit this website.

ഹരിയാന സംഘർഷം; കൊല്ലപ്പെട്ടത് മൂന്നു പേർ, ഇന്ന് ചർച്ച

ഗുരുഗ്രാം/ന്യൂദൽഹി: ഹരിയാനയിൽ ഇന്നലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നുഹിൽ - ഗുരുഗ്രാമിനോട് ചേർന്നുള്ള മതപരമായ ഘോഷയാത്രയ്ക്കിടെയാണ് സംഘർഷം ആരംഭിച്ചത്. നുഹിന്റെ ഖേദ്ല മോഡിൽ മതപരമായ ഘോഷയാത്ര തടയാൻ ജനക്കൂട്ടം ശ്രമിച്ചതിനെ തുടർന്നാണ് കല്ലേറുണ്ടായത്. ഹോം ഗാർഡുകളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹോം ഗാർഡുകളാണ് ആദ്യം കൊല്ലപ്പെട്ടത്. രാത്രി വൈകിയുണ്ടായ അക്രമത്തിലാണ് മറ്റൊരാൾ കൂടി കൊല്ലപ്പെട്ടത്. 
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഗുരുഗ്രാം-ആൽവാർ ദേശീയ പാതയിൽ ഒരു കൂട്ടം യുവാക്കൾ തടഞ്ഞിരുന്നു. ഇതോടെയാണ് ആക്രമണം നടന്നത്. വൈകുന്നേരത്തോടെ, ഗുരുഗ്രാം-സോഹ്ന ഹൈവേയിലേക്ക് അക്രമം വ്യാപിക്കുകയും നിരവധി കാറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഘോഷയാത്രയിൽ പങ്കെടുക്കാൻ നുഹിലെത്തിയ 2500 ഓളം പേർ പുറത്ത് അക്രമം കാരണം ഒരു ക്ഷേത്രത്തിൽ കുടുങ്ങി. വൈകുന്നേരത്തോടെ പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പൽവാൾ, ഗുരുഗ്രാം എന്നിവിടങ്ങളിലും കല്ലേറും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ സംഘർഷത്തെത്തുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏർപ്പെടുത്തി.

'തീവ്രമായ വർഗീയ സംഘർഷം' നിയന്ത്രിക്കുന്നതിനും തെറ്റായ വിവരങ്ങളുടെയും കിംവദന്തികളുടെയും വ്യാപനം തടയുന്നതിനുമായി നുഹിൽ നാളെ വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി സർക്കാർ വ്യക്തമാക്കി. ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 

ബജ്റംഗ്ദൾ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ബജ്റംഗ് ദൾ അംഗം മോനു മനേസറും കൂട്ടാളികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മറ്റ് നേതാക്കളും സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്നത്തെ സംഭവം ദൗർഭാഗ്യകരമാണ്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. കുറ്റക്കാരെ ഒരു കാരണവശാലും വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും,' മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടന്ന ജില്ലകളിൽ പോലീസ് സുരക്ഷ ശക്തമാക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കാൻ ഇരു സമുദായങ്ങളുടെയും നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് നൂഹിൽ രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തും.

Latest News