താനെ-മഹാരാഷ്ട്രയിലെ താനെയിലെ ഷഹാപൂരിൽ നിർമ്മാണ സ്ഥലത്ത് ക്രെയിൻ തകർന്ന് 16 തൊഴിലാളികൾ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സമൃദ്ധി എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേലാണ് ക്രെയിൻ വീണത്. എല്ലാവരും തൽക്ഷണം മരിച്ചു. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന ക്രെയിൻ്റെ അവശിഷ്ടങ്ങൾക്കുള്ളിൽ മറ്റ് അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഹൈവേകൾ, റെയിൽ പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വലിയ സ്റ്റീൽ ബീമുകളോ ഗർഡറുകളോ നീക്കാൻ കഴിയുന്ന ഒരു പ്രത്യേക ക്രെയിനായ ഗർഡർ ലോഞ്ചിംഗ് മെഷീനാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഷാപൂരിലെ സർലാംബെ ഗ്രാമത്തിന് സമീപം സമൃദ്ധി എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ടത്തിന്റെ നിർമ്മാണത്തിൽ തൊഴിലാളികൾ ഏർപ്പെട്ടിരിക്കെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസും ഫയർഫോഴ്സും മറ്റ് അത്യാഹിത വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 701 കിലോമീറ്റർ ദൈർഘ്യമുള്ള സമൃദ്ധി മഹാമാർഗ് (മുംബൈ-നാഗ്പൂർ എക്‌സ്പ്രസ് വേ)രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയാണ്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) ആണ് എക്സ്പ്രസ് വേയുടെ നിർമ്മാണം നടത്തുന്നത്, ഇതിന്റെ ആദ്യ ഘട്ടം നാഗ്പൂരിനെ ഷിർദ്ദിയുമായി ബന്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.