ന്യൂദൽഹി- പ്രതിപക്ഷ സഖ്യത്തിന്റെ പേര് യു.പി.എ എന്നത് മാറ്റി ഇന്ത്യ എന്നാക്കിയാലും അഴിമതിയുടെയും ദുർഭരണത്തിന്റെയും പാപങ്ങൾ കഴുകിക്കളയാൻ അതിന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗം മുതൽ കാൺപൂർ-ബുന്ദേൽഖണ്ഡ് മേഖല വരെയുള്ള 44 എൻ.ഡി.എ എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോഡി. സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നല്ല സന്ദേശവുമായി ജനങ്ങളിലേക്കെത്താൻ എം.പിമാരോട് ആവശ്യപ്പെട്ട മോഡി, ജനങ്ങളുമായി പരമാവധി സമയം ചെലവഴിക്കാൻ എം.പിമാരെ ഉപദേശിച്ചു.
പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ഡി.എ സഖ്യത്തിലെ എം.പിമാരുമായും മോഡി സംസാരിച്ചു.
പേരുമാറ്റി അഴിമതിയുടെയും ദുർഭരണത്തിന്റെയും പാപങ്ങൾ കഴുകിക്കളയാൻ പ്രതിപക്ഷ സഖ്യത്തിന് കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി എൻ.ഡി.എ എം.പിമാരെ പ്രദേശാടിസ്ഥാനത്തിൽ 40 ഓളം എം.പിമാരുടെ ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്, ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മോഡി അവരുമായി പ്രത്യേകം സംസാരിക്കും.