ന്യൂദൽഹി- ഹരിയാനയിലെ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു ഗോം ഗാർഡുകളാണ് കൊല്ലപ്പെട്ടത്. മത ഘോഷയാത്രക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഏഴ് പോലീസുകാർക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘർഷം തുടരുകയാണ്. കുപ്രസിദ്ധ പശു സംരക്ഷകൻ വീണ്ടുമെത്തി കൊലവിളി മുഴക്കിയതിനെ തുടർന്നുള്ള സംഘർഷത്തിന് ഇനിയും അയവില്ല. ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്താണ് ആക്രമണം നടന്നത്. ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്. വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിൽ ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയുമായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏകദേശം 2500 പേർ ക്ഷേത്രത്തിനകത്തേക്ക് കയറി. ആളുകൾ പരസ്പരം കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്യുന്നു. പോലീസ് സേന കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പോലീസ് നടത്തിയ വെടിവെപ്പിൽ ഇരുപത് പേർക്ക് പരിക്കേറ്റു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനം കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ 2500 പേർ നൂൽഹർ മഹാദേവ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. അവരുടെ വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വൈകുന്നേരത്തോടെ, അക്രമം ഗുരുഗ്രാം-സോഹ്ന ഹൈവേയിലേക്ക് വ്യാപിക്കുകയും നിരവധി കാറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ബജ്‌റംഗ്ദൾ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പശുക്കടത്ത് ആരോപിച്ച് മുസ്ലിംകളെ ചുട്ടുകൊന്ന ബജ്‌റംഗ് ദൾ അംഗം മോനു മനേസറും കൂട്ടാളികളും ഘോഷയാത്രയിൽ പ്രത്യക്ഷപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ദിവസങ്ങൾക്ക് മുമ്പ് താൻ യാത്രയിൽ പങ്കെടുക്കുമെന്നും മേവാത്തിൽ തങ്ങുമെന്ന് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇയാൾ പിടികിട്ടാപ്പുള്ളിയാണ് എന്നാണ് പോലീസ് പറയുന്നത്.