ന്യൂദല്‍ഹി- രാജ്യത്ത് ഏറ്റവും കൂടുതല്‍ ആയുഷ് ഡിസ്‌പെന്‍സറികളുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്. ആയുഷ് മന്ത്രാലയത്തെ സംബന്ധിച്ച ടി.എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നല്‍കിയ് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാനും ബംഗാളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 4094 ഡിസ്‌പെന്‍സറികളാണ് രാജസ്ഥാനിലുള്ളത്. ബംഗാളില്‍ 2416 ആയുഷ് ഡിസ്‌പെന്‍സറികളുണ്ട്. കേരളത്തില്‍ 2170 എണ്ണമാണുള്ളത്. ഏറ്റവും കുറവ് മണിപ്പൂരിലാണ്. ഒരു ആയുഷ് ഡിസ്‌പെന്‍സറി മാത്രമാണ് മണിപ്പൂരിലുള്ളത്. രാജ്യത്ത് ആകെ 416 ആയുര്‍വേദ കോളജുകളും 57 യൂനാനി മെഡിക്കല്‍ കോളജുകളും 248 ഹോമിയോ മെഡിക്കല്‍ കോളജുകളുമുണ്ട്. കേരളത്തില്‍ 18 ആയുര്‍വേദ കോളേജുകളും 6 ഹോമിയോപ്പതി കോളേജുകളും ഒരു യൂനാനി മെഡിക്കല്‍ കോളേജുമാണുള്ളത്. ആയുഷ് ചികിത്സാ രീതികളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദേശീയ ആയുഷ് യജ്ഞം നടപ്പിലാക്കിവരുന്നുണ്ട്. പുതിയ ആയുഷ് കോളേജുകള്‍ സ്ഥാപിക്കുക, നിലവിലുള്ള ഡിസ്‌പെന്‍സറികള്‍ അപ്‌ഗ്രേഡ് ചെയ്യുക, ആയുഷ് സെന്ററുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ കര്‍മ്മപദ്ധതികള്‍ നടന്നുവരുന്നതായും മന്ത്രി മറുപടിയില്‍ പറഞ്ഞു.