ന്യൂദൽഹി-സിനിമകളുടെ പകർപ്പാവകാശ ലംഘനം തടയുന്നതിനുള്ള സിനിമട്ടോഗ്രാഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. സിനിമകൾ പകർത്തുന്നതും പകർത്താൻ ശ്രമിക്കുന്നതും മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും ശുപാർശ ചെയ്യുന്നതാണ് ബിൽ. ബിൽ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. തിയേറ്ററിൽ സിനിമ കാണുന്ന സമയത്ത് അത് ഫോണിൽ പകർത്തുന്നതും കുറ്റത്തിന്റെ പരിധിയിൽ വരും. വാർത്താവിതരണ പ്രക്ഷേപണകാര്യമന്ത്രി അനുരാഗ് താക്കൂറാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. സിനിമയുടെ സർട്ടിഫിക്കേഷൻ വ്യവസ്ഥയിലും ബിൽ മാറ്റം നിർദേശിക്കുന്നുണ്ട്. ഇത് പ്രകാരം ലക്ഷ്യമിടുന്ന പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകും.