ന്യൂദല്‍ഹി-വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പരിഗണിക്കാതെ പോയത് ഖേദകരമാണെന്ന് എം പി റെയില്‍വേ മന്ത്രിയെ അറിയിച്ചു. കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റോപ്പുകളില്‍ പോലും നിരവധി ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുണ്ട്.വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ സഹായകരമായ സമീപനം സ്വീകരിക്കണമെന്നും കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു. രാജധാനി എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ദീര്‍ഘകാല ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും എം പി വ്യക്തമാക്കി. ഈ കാര്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ വൈകാതെ തന്നെ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ഇടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.