Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ട കൊലപാതകങ്ങൾ ഭീകരതയെന്ന് സുപ്രീം കോടതി

  • തടയാൻ പ്രത്യേക നിയമം കൊണ്ടുവരണം -സുപ്രീം കോടതി 

ന്യൂദൽഹി-ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി പാർലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ തുടരുന്ന ആക്രമണങ്ങളെ 'ആൾക്കൂട്ട ഭരണത്തിന്റെ ഭീകരത'യെന്നു വിശേഷിപ്പിച്ച കോടതി, ഇത്തരം കാട്ടുനീതിക്കെതിരേ പ്രത്യേക ശിക്ഷാ വ്യവസ്ഥകൾ വേണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.   
ഗോസംരക്ഷണ ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌സീൻ പൂനെവാല നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. നിയമാനുസൃതമായി ജീവിക്കുന്ന സാധാരണ ഇന്ത്യക്കാരുടെ മുമ്പിൽ ഇപ്പോൾ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. ആരെങ്കിലും നിയമം കൈയിലെടുക്കുകയോ നിയമം സ്വയമുണ്ടാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത് ഒരിക്കലും അനുവദിക്കാനാകില്ല. ഇതിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. 
രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാതെ ബഹുസ്വരത ഉറപ്പാക്കേണ്ടതും പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതും കേന്ദ്ര,  സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഒരു കാഹളമായി സർക്കാരുകൾ ഈ ഉത്തരവിനെ കാണണമെന്നു വ്യക്തമാക്കിയ കോടതി, ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനും പ്രതിവിധികളെടുക്കുന്നതിനും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി.      
ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണമോ ആൾക്കൂട്ട കൊലപാതകമോ നടക്കുന്നതു തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണം. നോഡൽ ഓഫീസർ പോലീസ് സൂപ്രണ്ടിന്റെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കുകയും അദ്ദേഹത്തെ സഹായിക്കാൻ ഒരു ഡിഎസിപിയെയും ഒരു ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിക്കുകയും വേണം. ഇവർ അക്രമത്തിനു പ്രേരിപ്പിക്കുന്ന വാർത്തകൾ, പ്രസംഗങ്ങൾ, പ്രചാരണങ്ങൾ തുടങ്ങിയവ കണ്ടെത്തുകയും അവയെ കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് നൽകുകയും വേണം. 
ആക്രമണ സാധ്യതയുള്ളതോ മുമ്പ് ആക്രമണങ്ങൾ നടന്നതുമായ സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാരുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തയാറാക്കണം. ഈ പ്രദേശങ്ങളിലെ സ്‌റ്റേഷൻ ചുമതലയുള്ളയാൾക്ക് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത നിർദേശം നൽകണം. 
സംസ്ഥാന ഡിജിപിയോ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോ മൂന്ന് മാസം കൂടിയിരിക്കുമ്പോൾ നോഡൽ ഓഫീസർമാരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.  ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഗോരക്ഷ ആക്രമണങ്ങൾക്കുമെതിരേ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റേഡിയോ, ടെലിവിഷൻ, വെബ്‌സൈറ്റുകൾ എന്നിവയിലൂടെ ബോധവത്കരണ പരിപാടികൾ നടത്തണം.  ആക്രമണ സംഭവങ്ങളുണ്ടായാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു കാലതാമസം ഉണ്ടാകരുത്. ആക്രമണത്തിന് ഇരയാകുന്നവർക്കും കുടുംബത്തിനും മറ്റൊരു ശല്യവും ഉണ്ടാകാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസറും നോഡൽ ഓഫീസറും പ്രത്യേകം നടപടിയെടുക്കുകയും വേണം.  ഇത്തരം സംഭവങ്ങളുണ്ടായാൽ അതാതു ജില്ലയിൽ അതിവേഗ കോടതികൾ സ്ഥാപിച്ച് വിചാരണ നടത്തണം.
ആൾക്കൂട്ട ആക്രമണത്തിനും ഗോസംരക്ഷകരുടെ ആക്രമണത്തിനും ഇരകളാകുന്നവർക്ക് സർക്കാരുകൾ സിആർപിസി 357 എ പ്രകാരം നഷ്ടപരിഹാരം നൽകണം. ഒരു മാസത്തിനുള്ളിൽ അർഹരായവരുടെ പട്ടിക സർക്കാർ തയാറാക്കണം. കൊല ചെയ്യപ്പെട്ടവരുടെ, ശാരീരികവും മാനസികവുമായി പരിക്കേറ്റവരുടെ തൊഴിൽ, ചികിത്സ, നിയമപരമായ ചെലവുകൾ കണക്കാക്കി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. സംഭവമുണ്ടായാൽ ഒരു മാസത്തിനകം അടിയന്തര സഹായം നൽകുകയും വേണം. 
 

Latest News