ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ കേസില്‍ കുടുങ്ങിയ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തരായ 18 പേര്‍ മത്സര രംഗത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സഞ്ജയ് കുമാര്‍ സിംഗ് മുന്‍ പ്രസിഡന്റായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനാണ്. താന്‍ മത്സര രംഗത്തില്ലെങ്കിലും ഓഗസ്റ്റ് 12-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്തരെ ഭാരവാഹി സ്ഥാനത്തെത്തിക്കാനാണ് ബ്രിജ് ഭൂഷണ്‍ സിംഗിന്റെ നീക്കം. ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡന പരാതിക്ക് പിന്നാലെ ബി ജെ പി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ സിംഗിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സംിഗിനെതിരെ പരാതി നല്‍കിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനോട് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം രാജ്യത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.