ന്യൂദൽഹി- ഏക സിവിൽ കോഡ് രാജ്യത്ത് ഉടൻ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തേലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിച്ചേർന്നതായി റിപോർട്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏക സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കുക എന്നത് സങ്കീർണമായ നിയമ പ്രക്രിയായാണെന്നതും വിഷയത്തിൽ വിവിധ മേഖലകളിൽ നിന്ന് ഉയർന്ന എതിർപ്പും പരിഗണിച്ചാണ് തിടുക്കപ്പെട്ട് ഏക സിവിൽ കോഡ് വേണ്ടെന്ന ആലോചനയിലേക്ക് ബി ജെ പിയെ എത്തിച്ചത്. എന്നാൽ, ഏക സിവിൽ കോഡ് വിഷയം തിരഞ്ഞെടുപ്പ് വരെ സജീവ ചർച്ചയാക്കി നിർത്തണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്ന് ത്ന്നെ ഉയർന്നിട്ടുണ്ട്. ഏക സിവിൽ കോഡ് മുസ്‌ലിം സ്ത്രീകൾക്ക് നീതി നടപ്പാക്കുന്നതിന് വേണ്ടിയാണെന്ന പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. പാർലമെന്റിൽ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചർച്ചയാക്കി നിലനിർത്താനാണ് ബിജെപിയുടെ തീരുമാനം. ഇതോടെ ഏക സിവിൽ കോഡ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണായുധമായി തുടരും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, സിഖ് വിഭാഗങ്ങൾ, വിവിധ ഗോത്ര വിഭാഗങ്ങൾ, എൻ ഡി എയുമായി സഹകരിക്കുന്ന കക്ഷികൾ എന്നിവരിയിൽ നിന്നും ഏക സിവിൽ കോഡിനെതിരെ പ്രതിഷേധം ഉയർന്നതോടയാണ് ഇത് സംബന്ധിച്ച ബിൽ തത്ക്കാലം വേണ്ടതില്ലെന്നതിലേക്ക് ബി.ജെ.പി എത്തിച്ചേർന്നത്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഭോപ്പാലിൽ നടന്ന ഒരു ബി ജെ പി ചടങ്ങിലാണ് ഏക് സിവിൽ കോഡ് സംബന്ധിച്ച് ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. ഇതിന് തൊട്ട് മുമ്പ് നിയമ കമ്മീഷൻ വഴി വിഷയത്തിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുകയും ചെയ്തു. ഇതോടെ ഏക സിവിൽ കോഡ് കേന്ദ്രസർക്കാർ അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നു. പ്രതിഷേധം ഉയർന്നതോടെ എല്ലാ വിഭാഗങ്ങളെയും ഏക സിവിൽ കോഡിൽ ഉൾപ്പെടുത്തി ബിൽ കൊണ്ടുവന്നാൽ അത് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചേക്കുമെന്ന് ബി ജെ പി ഭയന്നു. ഇതോടെയാണ് താത്ക്കാലം ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.