ടോക്കിയോ- പന്ത്രണ്ടു ലക്ഷം രൂപ മുടക്കി നായയായി രൂപമാറ്റം വരുത്തിയ ജപ്പാൻകാരൻ ഇതാദ്യമായി നായയുടെ രൂപത്തിൽ പൊതുജനമധ്യത്തിലെത്തി. ടോക്കോ എന്ന ട്വിറ്റർ നാമത്തിൽ അറിയപ്പെടുന്ന ജപ്പാൻകാരനാണ് നായയായി രൂപമാറ്റം വരുത്തി പൊതുമധ്യത്തിലെത്തിയത്. കഴിഞ്ഞ വർഷമാണ് നായയുടെ വേഷത്തിനായി ഇയാൾ 12 ലക്ഷം രൂപ ചെലവാക്കിയത്. തന്റെ ട്വിറ്റർ പേജിലും യൂട്യൂബ് ചാനലിലും ഇയാൾ നായയുടെ വേഷം ധരിച്ചുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. പരസ്യങ്ങൾക്കും സിനിമകൾക്കുമായി വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുന്ന ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ് ടി.വി ആണ് ഏകദേശം 40 ദിവസം എടുത്ത് ഈ ഹൈപ്പർ റിയലിസ്റ്റിക് ഡോഗ് ഔട്ട്ഫിറ്റ് നിർമ്മിച്ചത്.
നായയുടെ വേഷം കെട്ടി ഇയാൾ പാർക്കിലൂടെ നടക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായത്. നായ ആളുകളോട് ഇടപഴകുന്നതിന് സമാനമായാണ് ടോക്കോയും പാർക്കിലൂടെ നടക്കുന്നത്. ഒരു കൂട്ടം ആളുകൾക്കിടയിൽ ഇയാൾ ഒരു നായയെ പോലെ കറങ്ങി നടക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഒരു നായയെ പോലെ ആവുക എന്നാണ് ഈ ജപ്പാൻകാരൻ പറയുന്നത്. റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന കോളി ഇനത്തിൽപ്പെട്ട ഒരു നായയുടെ കോസ്റ്റ്യൂമിനായി 16,000 ഡോളർ ആണ് ഇദ്ദേഹം ചെലവഴിച്ചത്.
ടോക്കോയുടെ വീഡിയോകളും ചിത്രങ്ങളും കണ്ടാൽ ഒറ്റനോട്ടത്തിൽ നായ തന്നെയാണെന്ന് തോന്നും. നായയുടെ വേഷത്തിലുപരി ശരീരഭാഷ കൂടി സ്വായത്തമാക്കി. മനുഷ്യശരീരത്തെ ആകമാനം മറക്കാൻ തക്ക വലുപ്പമുള്ള രൂപമാണ് കോളി ഇനത്തിലുള്ള നായക്കുള്ളത്.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ടോക്കോ ആളുകളുമായും മറ്റ് നായ്ക്കളുമായും ഇടപഴകുന്നതും കാണാം. കഴിഞ്ഞ വർഷം ജർമ്മൻ ടിവി സ്റ്റേഷൻ ആർ.ടി.എല്ലിന് നൽകിയ അഭിമുഖത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. എനിക്ക് വീഡിയോകൾ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു. അതിനാൽ ഞാൻ അവ പൊതുജനങ്ങൾക്ക് റിലീസ് ചെയ്യുന്നുവെന്ന് ടോക്കോ എഴുതി. മനുഷ്യനായ നായയുടെ അടുത്തെത്തിയതിന് ശേഷം ചില നായ്ക്കൾ തുടക്കത്തിൽ ഭയം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ടോക്കോ തന്റെ വ്യക്തിത്വം അദ്ദേഹം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം അപ്ലോഡ് ചെയ്ത ഒരു വീഡിയോയിൽ, ടോക്കോ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകി. കുട്ടിക്കാലം മുതൽ തന്നെ 'ഒരു മൃഗമാകാനുള്ള അവ്യക്തമായ സ്വപ്നം' തനിക്കുണ്ടായിരുന്നുവെന്ന് ടോക്കോ പറഞ്ഞു.