ജയ്പൂർ- രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുടെ വെള്ളക്കുപ്പിയിൽ ചില സ്‌കൂൾ കുട്ടികൾ മൂത്രം നിറച്ചതിനെ തുടർന്ന് വൻ പ്രതിഷേധം. ആൺകുട്ടികൾ പെൺകുട്ടിയുടെ ബാഗിനുള്ളിൽ ഒരു പ്രണയലേഖനവും ഇട്ടിരുന്നു. പ്രകോപിതരായ ഗ്രാമവാസികൾ ആൺകുട്ടിയുടെ വീട്ടിൽ കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പോലീസ് സംഘത്തെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തി വീശി സമരക്കാരെ വിരട്ടിയോടിച്ചു. കൂറ്റൻ വടികളുമായി ആളുകൾ പ്രദേശത്ത് പ്രകോപിതരായി ചുറ്റിക്കറങ്ങുന്നതിന്റെയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് സംഘം ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു.
'സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച ബാഗും കുപ്പിയും ക്ലാസിൽ തന്നെ സൂക്ഷിച്ച ശേഷം ഉച്ച ഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. തിരികെ വന്ന് കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. ചില ആൺകുട്ടികൾ വെള്ളത്തിൽ മൂത്രം കലക്കിയതായി കണ്ടെത്തിയെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ഘൻശ്യാം ശർമ്മ പറഞ്ഞു.
തുടർന്ന് പെൺകുട്ടി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഗ്രാമവാസികൾ പ്രകോപിതരായി. ഇന്ന് സ്‌കൂൾ തുറന്നപ്പോൾ തഹസിൽദാർ, ലുഹാരിയ പോലീസ് സ്റ്റേഷൻ ഇൻചാർജ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോട് വിഷയം ഉന്നയിച്ചെങ്കിലും ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ രംഗത്തെത്തി. ഇവർ ആൺകുട്ടികളുടെ ഗ്രാമത്തിലെത്തി കല്ലെറിയാൻ തുടങ്ങി. അതേസമയം, പെൺകുട്ടി ഇതുവരെ പോലീസിൽ ഔപചാരികമായി പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.