ന്യൂഡൽഹി - നരേന്ദ്ര മോഡി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചതിന് പിന്നാലെ, ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിലെയും പറ്റ്‌നയിലെയും സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിൽ ഉദ്യോഗാർത്ഥികളിൽനിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ചുളുവിലക്ക് കൈപ്പറ്റിയെന്ന കേസിലാണ് ഇ.ഡി നടപടി. റെയിൽവേയിൽ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർത്ഥികളുടെ ഭൂമിയും സ്വത്തുകളും ലാലു കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും തുച്ഛ വിലക്ക് കൈമാറിയെന്നതാണ് കേസ്. റെയിൽവേ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്. ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെയും മകനും നിലവിൽ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും പ്രതികളാക്കി ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ജൂലൈ മൂന്നിന് സി.ബി.ഐയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയിട്ടുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമർശങ്ങളുമായി ഇന്നലെ ലാലു പ്രസാദ് യാദവ് രംഗത്തു വന്നിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മോഡിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ഭരണഘടന അട്ടിമറിക്കാനും വിദേശത്ത് അഭയം തേടാനുമാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് ആരോപിച്ചിരുന്നു. മുംബൈയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കൂട്ടായ്മയുടെ യോഗത്തിനായി താൻ കാത്തിരിക്കുകയാണെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ലാലു പ്രസാദ് വ്യക്തമാക്കിയിരുന്നു.