കണ്ണൂർ - സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കരിമ്പം കില ഉപകേന്ദ്രത്തിൽ രാജ്യാന്തര നേതൃ പഠനകേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യവെയാണ് സംഭവം.
നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പറയുന്നതിനിടെയാണ് പാമ്പ് സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് ഇഴഞ്ഞെത്തിയത്. ഉടനെ സ്ത്രീകളെല്ലാം കസേരയിൽനിന്നെണീറ്റ് ഓടി. ഓട്ടത്തിനിടെ കസേര തട്ടിയും തിക്കിലും തിരക്കിലും പെട്ട് പലരും മറിഞ്ഞുവീണു. ബഹളത്തിനിടെ പാമ്പ് വേഗം സ്ഥലം വിട്ടതോടെയാണ് രംഗം ശാന്തമായത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ പരിപാടിക്കെത്തിയിരുന്നു. ചേരയാണു ഇഴഞ്ഞെത്തിയതെന്നു കണ്ടെത്തിയതായി സംഘാടകർ പറഞ്ഞു. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്ന് എം.വി ഗോവിന്ദൻ തുടർ പ്രസംഗത്തിൽ ഓർമിപ്പിച്ചു.