Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ സംഭവിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല-സുപ്രീം കോടതി

ന്യൂദൽഹി- മണിപ്പൂരിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച ഒരു അഭിഭാഷകനോട്, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്ത കേസ് കേൾക്കുമ്പോൾ, അഭൂതപൂർവമായ സ്വഭാവമുള്ള കാര്യമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മണിപ്പൂരിനായി നിങ്ങൾക്ക് എന്ത് നിർദ്ദേശങ്ങളാണ് ഉള്ളതെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. ഇന്ത്യയിലെ എല്ലാ പെൺമക്കളെയും സംരക്ഷിക്കുക എന്നാണോ അതോ സംരക്ഷിക്കരുത് എന്നാണോ നിങ്ങൾ പറയുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. കേസിന്റെ അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുകയാണെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു.

'ഇത്തരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയാനുള്ള വിവരം സർക്കാറിന്റെ പക്കലില്ലലെന്നും മണിപ്പൂരിലെ യഥാർത്ഥ സ്ഥിതിയുടെ ഗുരുതരാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും സ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. അക്രമം നടത്തിയ പ്രതികളുമായി പോലീസ് സഹകരിക്കുകയായിരുന്നു. സ്ത്രീകൾ പോലീസിൽ നിന്ന് സംരക്ഷണം തേടി. എന്നാൽ സ്ത്രീകളെ ജനക്കൂട്ടത്തിലേക്ക് കൊണ്ടുപോകുകയാണ് പോലീസ് ചെയ്തത്. മെയ് നാലിന് നടന്ന സംഭവത്തിൽ മെയ് 18-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജൂണിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജൂലൈ 19 ന് വീഡിയോ വൈറലായി. ഇക്കാര്യം ഈ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിന് ശേഷമാണ് കേസിൽ കാര്യങ്ങൾ പുരോഗമിക്കുന്നത്. രക്ഷപ്പെട്ടവർക്ക് അന്വേഷണത്തിൽ ആത്മവിശ്വാസം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തിയ കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് സിബിഐക്ക് വിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ കപിൽ സിബൽ എതിർത്തു. കേസ് അസമിലേക്ക് മാറ്റണമെന്ന സർക്കാരിന്റെ അഭ്യർഥനയെയും യുവതികൾ എതിർത്തിരുന്നു. എന്നാൽ, കേസ് അസമിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതിക്ക് അനുയോജ്യമെന്ന് തോന്നുന്നിടത്തേക്ക് സ്ഥലം മാറ്റാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതെന്ന് മേത്ത വ്യക്തമാക്കി.

'അതിജീവിച്ചവരുടെ ആഘാതം ഭയാനകവുമാണ്. അതിജീവിച്ചവർ സി.ബി.ഐ സംഘത്തോട് സത്യം പറയുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. അവർക്ക് സത്യം പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണം,' മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് പറഞ്ഞു. സിവിൽ സമൂഹത്തിൽ നിന്നുള്ള വനിതാ അംഗങ്ങളുടെ സമിതി രൂപീകരിക്കണം. അവരോട് കാര്യങ്ങൾ പറയാൻ അതിജീവിതകൾക്ക് ധൈര്യമുണ്ടാകും. 

Latest News