Sorry, you need to enable JavaScript to visit this website.

പെണ്ണുങ്ങളെ ഗര്‍ഭം ധരിപ്പിക്കാന്‍ ആളെ ആവശ്യമുണ്ട്, മാഹിയില്‍ യുവാവിന് പോയത് അര ലക്ഷം

മാഹി - കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വന്ന പരസ്യം കണ്ട് അപേക്ഷിച്ച മാഹിയിലെ അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. മാഹിയിലെ ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ സാജന്‍ ബട്ടാരി(34)യാണ് തട്ടിപ്പിന് ഇരയായത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭിണിയാക്കാന്‍ ആളെ ആവശ്യമുണ്ടെന്നതായിരുന്നു ഓണ്‍ലൈനില്‍ വന്ന പരസ്യം. ഇത് കണ്ടപാടെ തന്നെ ആവേശത്തില്‍ ചാടിയിറങ്ങിയ സാജന്‍ ബട്ടാരി പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. ഈ ' ജോലി ' ചെയ്ത് അര ലക്ഷം രൂപ ലഭിച്ചതിന്റെ വ്യാജ സക്രീന്‍ ഷോട്ടുകള്‍ തട്ടിപ്പ് സംഘം സാജന്‍ ബട്ടാരിയക്ക് വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഇത് കൂടി കണ്ടതോടെ തനിക്ക് ഈ ' ജോലി ' കിട്ടിയേ മതിയാകൂ എന്ന അവസ്ഥയിലായി ഇയാള്‍. ജോലിക്ക് ചേരുന്നതിനായി അപേക്ഷാ ഫീസും പ്രോസസിംഗ് ഫീസും മറ്റു ചെലവുകളും ചേര്‍ത്ത് 49,500 രൂപ തുടക്കത്തില്‍ നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. പേയ്‌മെന്റ് നടത്താനായി ഒരു ക്യൂ ആര്‍ കോഡ് അയച്ചു നല്‍കുകയും ചെയ്തു. ഇത് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ തന്നെ സാജന്റെ പേരില്‍ യൂണിയന്‍ ബാങ്കില്‍ നിന്ന് 49,500 രൂപ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് നേരത്തെ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ യാതൊരു മറുപടിയുമില്ലാത്തതിനെ തുടര്‍ന്നാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സാജന് മനസ്സിലായത്. പണം നഷ്ടപ്പെട്ട കാര്യം ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയോടെ പറയുകയായിരുന്നു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരം മാഹി പോലീസില്‍ പരാതി നല്‍കി. രാജസ്ഥാനില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം സ്വീകരിച്ച അക്കൗണ്ട് പോലീസ് കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

 

Latest News