Sorry, you need to enable JavaScript to visit this website.

നിത്യവും ഫ്രീ സാന്‍വിച്ച് വേണോ, വഴിയുണ്ട് 

ലോസ്ഏഞ്ചല്‍സ്- സാന്‍വിച്ച് പ്രേമികള്‍ക്കായി വിചിത്രമായ ഒരു വാഗ്ദാനം നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ സബ് വേ. നിയമപരമായി തങ്ങളുടെ പേരിന്റെ ആദ്യഭാഗം സബ് വേ എന്നാക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായി സാന്‍വിച്ച് കഴിക്കാം. പക്ഷേ, ഒരു കാര്യമുണ്ട് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മാത്രമല്ല അമേരിക്കയിലെ സബ് വേ ഔട്ട്ലെറ്റുകളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.
താല്പര്യമുള്ള സാന്‍വിച്ച് ആരാധകര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഓഗസ്റ്റ് 1 -നും ഓഗസ്റ്റ് 3 -ന് അര്‍ദ്ധരാത്രിക്കും ഇടയില്‍ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ്. തുടര്‍ന്ന് പേരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ആജീവനാന്തം സാന്‍വിച്ചുകള്‍ സൗജന്യമായി കഴിക്കാം. അതുപോലെ, പേര് മാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ സഹായങ്ങളും മുഴുവന്‍ ചെലവുകളും സബ് വേ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് ഈ സുവര്‍ണാവസരം ലഭ്യമാവുക.ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മെനു മെച്ചപ്പെടുത്താനും ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കാനും സബ് വേ അടുത്തിടെ 80 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഈ നീക്കം അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുകയും ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ ആവേശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സബ് വേ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ട്രെവര്‍ ഹെയ്ന്‍സ് അഭിപ്രായപ്പെട്ടതായാണ്  റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയില്‍ തക്കാളിയുടെ വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് സബ് വേയുടെ ചില ഇന്ത്യന്‍ ഔട്ട്‌ലെറ്റുകള്‍ സലാഡുകളിലും സാന്‍ഡ്വിച്ചുകളിലും തക്കാളി ഉപയോഗിക്കുന്നത് നിര്‍ത്തിയത് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.

Latest News