കൊച്ചി - കളിക്കുന്നതിനിടെ പോലീസ് വാഹനത്തിൽ പന്ത് തട്ടിയതിന് ഫുട്ബാൾ പിടിച്ചെടുത്തതായി കുട്ടികളുടെ പരാതി. പനങ്ങാട് പോലീസിനെതിരേയാണ് കുട്ടികളുടെ പരാതി. കഴിഞ്ഞ വെള്ളിയാഴ്ച നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചാണ് സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയാവുന്നത്.
കുട്ടികൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്നതിനിടെ പനങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരടങ്ങുന്ന ജീപ്പ് വാഹനപരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. ഫുട്ബാൾ വാഹനത്തിൽ തട്ടാൻ സാധ്യതയുള്ളതിനാൽ വാഹനം മാറ്റിയിടണമെന്ന് വിദ്യാർത്ഥികൾ പോലീസ് ഉദ്യോഗസ്ഥരോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നുപോൽ. എന്നാൽ, ഇതിനിടയിൽ ഫുട്ബാൾ പോലീസ് വാഹനത്തിൽ തട്ടി. പിന്നാലെ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ കുട്ടികളോട് കയർത്തു സംസാരിക്കുകയും ഫുട്ബാൾ കസ്റ്റഡിയിലെടുത്ത് പോവുകയുമായിരുന്നു. ബാൾ തിരികെ ലഭിക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് കുട്ടികൾ പറഞ്ഞു.