Sorry, you need to enable JavaScript to visit this website.

പത്രങ്ങളും ടിവിയും തുറക്കാൻ ഭയം; കണ്ണു നിറയുമ്പോഴും കാതുണരട്ടെ, നന്മ കാവലാകട്ടെയെന്നും ജി വേണുഗോപാൽ

തിരുവനന്തപുരം - ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ദാരുണമായ കൊലപാതകത്തിൽ വേദന പങ്കുവെച്ച് ഗായകൻ ജി വേണുഗോപാൽ. ആ കൊച്ചുമോളുടെ ചിരിച്ച മുഖവും അവൾ നേരിട്ട ക്രൂരതയും തന്നെ നടുക്കുന്നുവെന്നും കണ്ണ് ഈറനാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
 ഒരു അച്ഛനും രക്ഷിതാവിനും അമ്മയ്ക്കും പൊതുസമൂഹത്തിനും താങ്ങാവുന്നതിലും വലിയ ക്രൂരതയാണ് നടന്നത്. പത്രങ്ങളും ടിവിയും തുറക്കാൻ തന്നെ ഭയമായിത്തുടങ്ങിയിരിക്കുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്കു തല, കണ്ണിനു കണ്ണ് എന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്‌കൃതമായ നിയമപരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. മുങ്ങി താഴുന്ന നീതിവ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയേയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തതും ഭരണത്തിലും, പോലീസിലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 മറുനാടൻ തൊഴിലാളികളെ 'അതിഥി'കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ എന്നും. നമ്മുടെ അലിവും സഹനശക്തിയും നഷ്ടപ്പെടാതിരിക്കട്ടെ. ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണെന്നത് ഇതിനിടയിൽ മറക്കരുത്. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെയെന്നും നന്മ നമ്മൾക്ക് കാവലാകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ ഓർമിപ്പിച്ചു.

Latest News