പെഷവാർ- വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ജംഇയത്തുൽ ഉലമ ഇസ്ലാം-എഫ്(ജെ.യു.ഐ-എഫ്) പാർട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിലുണ്ടായ സ്‌ഫോടനടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. നിരവധി പേർക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള ഖാർ പട്ടണത്തിലെ ഒരു ടെന്റിനു കീഴിൽ 400-ലധികം അംഗങ്ങളും അനുഭാവികളും ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്.
''ആശുപത്രിയിൽ 39 മൃതദേഹങ്ങളുണ്ടെന്നും പരിക്കേറ്റ 123 പേരിൽ 16 പേരുടെ നില ഗുരുതരമാണെന്നും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ആരോഗ്യമന്ത്രി റിയാസ് അൻവർ പറഞ്ഞു. പ്രവിശ്യാ ഗവർണർ ഹാജി ഗുലാം അലി മരണസംഖ്യ സ്ഥിരീകരിച്ചു. സ്‌ഫോടന സൈറ്റിൽ നിന്നുള്ള ചിത്രങ്ങളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും രക്തത്തിൽ കുതിർന്ന ഇരകളെ ആംബുലൻസുകളിൽ എത്തിക്കാൻ സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതും കാണാം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല, എന്നാൽ ഐസിസ് ഗ്രൂപ്പിന്റെ പ്രാദേശിക ചാപ്റ്റർ അടുത്തിടെ ജെയുഐ-എഫിനെതിരെ ആക്രമണം നടത്തിയിരുന്നു.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മസ്ജിദുകളുടെയും മദ്രസകളുടെയും വലിയ ശൃംഖലയുള്ള പാർട്ടിയുമായി ബന്ധമുള്ള മതപണ്ഡിതർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് കഴിഞ്ഞ വർഷം ഐ.എസ് പറഞ്ഞു.
2021-ൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ അഫ്ഗാൻ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം പാക്കിസ്ഥാനിൽ ആക്രമണങ്ങൾ കുത്തനെ ഉയർന്നിട്ടുണ്ട്.