തിരുവനന്തപുരം - മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കേരളാ പോലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടർ വയർലസ് സംവിധാനത്തിൽ അനധികൃതമായി കടന്നുകയറിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സൈബർ പോലീസ് ആണ് പരാതിയിൽ കേസെടുത്തത്.
ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്ന് എഫ്.ഐ.ആറിലുണ്ട്. ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്ട്, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകിയ ഇടത് എം.എൽ.എ പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി അയച്ചിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ സംഭാഷണം ഹാക്ക് ചെയ്‌തോയെന്ന് സംശയിക്കണമെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഷാജൻ സ്‌കറിയയുടെ പാസ്‌പോർട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.