പത്തനംതിട്ട - ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് റിമാന്‍ഡിലായ അഫ്സാന ജാമ്യത്തില്‍ ഇറങ്ങി. അട്ടകുളങ്ങര ജയിലിലാണ് അഫ്‌സാന റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. കലഞ്ഞൂര്‍ സ്വദേശിയായ ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന പോലീസിന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് അഫ്‌സാനയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം നൗഷാദിനെ പോലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകം നടന്നിട്ടില്ലെന്ന് വ്യക്തമായത്. നൗഷാദിനെ കൊന്നെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ വ്യാജ മൊഴി കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. അതേസമയം ഒന്നും പ്രതികരിക്കാനില്ലെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അഫ്സാന പറഞ്ഞു.