ചിറ്റൂർ- ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കർഷകന് തക്കാളി ശരിക്കും ജാക്ക്പോട്ടായി. 45 ദിവസം കൊണ്ട് നാല് കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെയാണ് കർഷകനായ മുരളിയുടെ സമ്പത്തിൽ വൻ വർധന.
ഉയർന്ന വില ലഭിച്ചതോടെ 48 കാരനായ മുരളി മദനപ്പള്ളിയിലെ തക്കാളി മാർക്കറ്റിൽ മാത്രമല്ല, അയൽ സംസ്ഥാനമായ കർണാടകയിലും തക്കാളി വിറ്റു. കരകമണ്ഡല വില്ലേജിലെ 22 ഏക്കർ സ്ഥലത്ത് ഏപ്രിലിലാണ് മുരളിയും ഭാര്യയും തക്കാളി കൃഷി ചെയ്തത്. കഴിഞ്ഞ 45 ദിവസത്തിനിടെ 40,000 പെട്ടി തക്കാളി വിറ്റു.
കഴിഞ്ഞ വർഷം ഇതേ കാലത്ത് ഇതേ പച്ചക്കറി കൃഷി ചെയ്തപ്പോൾ ഉണ്ടായ 1.5 കോടി രൂപയുടെ കടം തീർക്കാൻ ഈ വലിയ വരുമാനം സഹായിച്ചതായി കർഷകൻ പറഞ്ഞു. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതിനാൽ ഇത്തവണ മികച്ച വിളവ് ലഭിച്ചതായി മുരളി പറയുന്നു. എന്നിരുന്നാലും, തക്കാളിയുടെ വില കുത്തനെ ഉയർന്നത് ഏറ്റവും വലിയ വഴിത്തിരിവായി. തക്കാളി ഇത്രയും വലിയ വരുമാനം നൽകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് മുരളിയുടെ പ്രതികരണം. .
ലാഭത്തിന്റെ ഒരു ഭാഗം ഹോർട്ടികൾച്ചർ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ നിക്ഷേപിക്കാനാണ് പദ്ധതി. തക്കാളി കാരണം ഇത്രയും വലിയ വരുമാനം കൊയ്യുന്ന രണ്ടാമത്തെ കർഷകനാണ് മുരളി. തെലങ്കാനയിലെ മേഡക് ജില്ലയിലെ ഒരു കർഷകൻ കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളി വിറ്റ് രണ്ടു കോടി രൂപ നേടിയിരുന്നു. ഒരു കോടി രൂപയുടെ തക്കാളി വിളവെടുക്കാനിരിക്കയുമാണ്.
തക്കാളിയുടെ വില കുതിച്ചുയർന്നതോടെ മേഡക് ജില്ലയിലെ കൗഡിപ്പള്ളി മണ്ഡലത്തിലെ മുഹമ്മദ് നഗറിലെ ബൻസുവദ മഹിപാൽ റെഡ്ഡി ഒറ്റരാത്രികൊണ്ടാണ് കോടീശ്വരനായത്. വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 150 രൂപയായി കുതിച്ചുയരുകയും ആന്ധ്രാപ്രദേശിൽ നിന്നും മറ്റും ആവശ്യത്തിന് ലഭിക്കാത്തതും മഹിപാൽ റെഡ്ഡിക്ക് അനുഗ്രഹമായി. മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് 100 രൂപയ്ക്കാണ് അദ്ദേഹം തക്കാളി വിറ്റത്.