തിരുവനന്തപുരം -ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കലില്‍ പുഴയില്‍ വീണ് കാണാതായ കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ബന്ധു അന്‍സിലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഇവരെ രക്ഷപെടുത്താന്‍ പുഴയില്‍ ഇറങ്ങിയ ബന്ധു അന്‍സിലും ഒഴുക്കില്‍പ്പെട്ട് മരിക്കുകയായിരുന്നു. അന്‍സിലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികള്‍. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയില്‍ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി ദമ്പതികള്‍ പുഴയില്‍ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്‍സിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അന്‍സിലിനെ കണ്ടെത്തിയത്. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് വെല്ലുവിളിയായി. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്.