ചെന്നൈ-നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നുള്ള 43 കാരനായ പ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് എംകെബി നഗര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അജ്ഞാതനായ ഒരാള്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി, അവിടെ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്നും പറഞ്ഞ് രണ്ട് സ്ത്രീകള്‍ എംകെബി നഗര്‍ പോലീസിനെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നത്. തുടര്‍ന്ന് പ്രകാശിനെ അറസ്റ്റ് ചെയ്തു.
കൊടുങ്ങയ്യൂരില്‍ നിന്നും പേരാമ്പൂരില്‍ നിന്നും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സമാനമായ ഒരു പുരുഷനെ കുറിച്ച് സ്ത്രീകള്‍ വിവരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി പ്രകാശ് സമ്മതിച്ചു. വ്യാസര്‍പാടി സ്വദേശിയായ പ്രകാശ് അണ്ണാനഗറിലെ മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്ത്രീകള്‍ക്കായി പരതുമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രകാശിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.