Sorry, you need to enable JavaScript to visit this website.

നാലു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ വര്‍ധിച്ചത് ആറു ശതമാനം കടുവകള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ നാലു വര്‍ഷത്തിനിടെ ആറുശതമാനം കടുവകള്‍ വര്‍ധിച്ചു. 2018ല്‍ 2967 കടുവകളുണ്ടായിരുന്നത് ഇപ്പോള്‍ 3682 ആയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര കടുവ ദിനത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന സഹമന്ത്രി അശ്വിനികുമാര്‍ ചൗബെയാണ് കടുവകളുടെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

നാലു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കടുവ സെന്‍സസിന്റെ വിശദാംശങ്ങള്‍ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തുവിട്ടിരുന്നു. 3167 കടുവകളാണു രാജ്യത്തെ വനങ്ങളിലുള്ളതെന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതിനുശേഷമുള്ള കണക്കുകള്‍ പ്രകാരമാണ് 3925 കടുവകള്‍ വരെയുണ്ടാകാമെന്നു കണക്കു കൂട്ടിയത്. ശരാശരിയെന്ന നിലയ്ക്കാണ് 3682 കടുവകളെന്ന കണക്കു പുറത്തുവിട്ടത്. 

അരുണാചല്‍ പ്രദേശ്, ഒഡിഷ, തെലങ്കാന, ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ 2018നു ശേഷം കടുവകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2006ല്‍ കടുവകളുണ്ടായിരുന്ന മിസോറാമിലും നാഗാലാന്‍ഡിലും ഇപ്പോള്‍ അവയില്ല. 2006ല്‍ പത്തു കടുവകളെ കണ്ടെത്തിയ വടക്കന്‍ ബംഗാളില്‍ ഇനി രണ്ടെണ്ണം മാത്രമാണുള്ളത്.

നാലു വര്‍ഷത്തിനിടെ കടുവകളുടെ എണ്ണം വര്‍ധിച്ച സംസ്ഥാനങ്ങളില്‍ മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്- 785 കടുവകള്‍. കര്‍ണാടക (563), ഉത്തരാഖണ്ഡ് (560), മഹാരാഷ്ട്ര (444) എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

റാണിപുര്‍, ഇന്ദ്രാവതി, അചന്‍കുമാര്‍, ഉദന്തി സീതാനദി, പാലമു, ബോര്‍, സഹ്യാദ്രി, സത്‌കോസിയ, മുകുന്ദര, രാംഗഡ് വിഷധാരിസ കവല്‍, കളക്കാട് മുണ്ടന്‍തുറൈ, നമേരി, ദംപ, പക്കെ, കംലങ്, നംദപ എന്നീ വനങ്ങളില്‍ പത്തില്‍ താഴെ കടുവകള്‍ മാത്രമാണുള്ളത്. 

കോര്‍ബറ്റ്- 260, ബന്ദിപ്പുര്‍- 150, നാഗര്‍ഹോളെ- 141, ബന്ധവ്ഗഡ്- 135, ദുധ്വ- 135, മുതുമല- 114, കന്‍ഹ- 105, കാസിരംഗ- 104, സുന്ദര്‍ബന്‍- 100, തഡോബ- 97, സത്യമംഗലം- 85, പെഞ്ച്- 77 എന്നിങ്ങനെയാണ് കടുവകളുടെ എണ്ണം.

Latest News