Sorry, you need to enable JavaScript to visit this website.

മോണ്‍സന്‍ കേസില്‍ മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

കൊച്ചി- പുരാവസ്തു തട്ടിപ്പ് കേസില്‍ റിട്ട. ഡി.ഐ.ജി എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയ സുരേന്ദ്രനെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  കേസിലെ മൂന്നാംപ്രതിയായ ജി.ലക്ഷ്മണയെ 31ന് ചോദ്യം ചെയ്യും

മോണ്‍സണ്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായാണ് എസ്.സുരേന്ദ്രനെ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് സുരേന്ദ്രന്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായത്. മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം, പണമിടപാടുകള്‍ തുടങ്ങിയവയെ പറ്റി പോലീസ് മൊഴിയെടുത്തു. മോണ്‍സണ്‍ മാവുങ്കല്‍ സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം കൈമാറിയെന്ന് കാണിച്ച് ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരാതിക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ഇക്കാര്യത്തിലും അന്വേഷണ സംഘം വ്യക്തത തേടി. എന്നാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.  മോന്‍സന്റെ സാമ്പത്തിക തട്ടിപ്പിനിരയായവര്‍ ഐജി ജി.ലക്ഷ്മണ, എസ്.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിലാണ് വന്‍തുക കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News