പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എപ്പോള്‍ വേണമെങ്കിലും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എന്‍ഡിഎ) മടങ്ങിയെത്താമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ അവകാശപ്പെട്ടു. ഓഗസ്റ്റില്‍ മുംബൈയില്‍ ചേരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം റൗണ്ട് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിതീഷിനോട് അത്താവാലെ അഭ്യര്‍ത്ഥിച്ചു.
'നിതീഷ് ഹമാരേ ഹേ, ഹമാരേ പാസ് കഭി ഭീ ആ സക്തേ ഹേ (നിതീഷ് നമ്മില്‍ ഒരാളാണ്, എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം),' റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (ആര്‍പിഐ) തലവനായ അത്താവലെ പറഞ്ഞു. നിതീഷിന്റെ അഭാവം എന്‍ഡിഎക്കുള്ളില്‍ എപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറുമായുള്ള തന്റെ 'ദീര്‍ഘകാല ബന്ധം' ഉയര്‍ത്തിക്കാട്ടി, ബിഹാര്‍ മുഖ്യമന്ത്രിയെ 'നല്ല സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച അത്താവാലെ, പ്രതിപക്ഷ കക്ഷിയിലേക്ക് മടങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ എന്തിനാണ് നിതീഷ് എന്‍.ഡി.എയില്‍ ചേര്‍ന്നതെന്ന് ചോദിച്ചു. ജെഡിയു എന്‍ഡിഎ വിട്ടാലും ബിഹാറിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട സഹായം തുടരുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം) വാഗ്ദാനം ചെയ്യുന്നതിനാല്‍ ബിഹാറിന് അതിന്റെ വിഹിതം ലഭിക്കുന്നത് തുടരും. ബിഹാറികള്‍ ഞങ്ങളുടെ സ്വന്തം ആളുകളാണ്- അത്താവാലെ പറഞ്ഞു.