ന്യൂദല്‍ഹി - ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുക്കി നേതാക്കളെയും വംശീയ കലാപത്തിന് ഇരയായവരെയും കാണാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഒരു സംഘം ശനിയാഴ്ച കലാപബാധിതമായ മണിപ്പൂരിലെത്തിയതിനെ പരിഹസിച്ച് ബി.ജെ.പി. സന്ദര്‍ശനം വെറും 'പ്രദര്‍ശനവും' 'രാഷ്ട്രീയ വിനോദസഞ്ചാര'വുമാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചു.
സംഘം മണിപ്പൂരില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താക്കൂറിന്റെ പരിഹാസം. സന്ദര്‍ശനം വെറും ഷോ ഓഫ് മാത്രമാണെന്ന് ശനിയാഴ്ച ബംഗാളിലെ ഹൂഗ്ലിയില്‍ സംസാരിച്ച ബി.ജെ.പി നേതാവ് പറഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമത്തിന് ഇരയായവരെ പ്രതിപക്ഷ പ്രതിനിധികള്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഒരക്ഷരംപോലും പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മണിപ്പൂര്‍ മാസങ്ങളോളം അടച്ചിട്ടിരിക്കുമ്പോള്‍ അവര്‍ ഒരക്ഷരം മിണ്ടിയില്ല, മണിപ്പൂരില്‍നിന്ന് പ്രതിനിധി സംഘം മടങ്ങിയെത്തിയാല്‍, ഈ ടീമിലെ അംഗങ്ങള്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോടുള്ള എന്റെ അഭ്യര്‍ത്ഥന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് അതേ പ്രതിനിധി സംഘത്തെ കൊണ്ടുവരണമെന്നാണെന്നും താക്കൂര്‍ പറഞ്ഞു.