ന്യുദല്‍ഹി- സൗത്ത് ദല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിലെ വീടിനു മുകളില്‍ നിന്നു എയര്‍ഹോസ്റ്റസ് ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരി അനീസ്യ ബത്ര (32) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ അനീസ്യയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഭര്‍ത്താവ് മായങ്ക് സിങ്‌വിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും മാനസികവും ശാരീരികവുമായി പീഡനം സഹിക്കവയ്യാതെ വെള്ളിയാഴ്ചയാണ് അനീസ്യ ആത്മഹത്യ ചെയ്തത്. മായങ്കിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനമാരോപിച്ച് നേരത്ത അനീസ്യയുടെ പിതാവ് മുന്‍ മേജര്‍ ജനറല്‍ ആര്‍.എസ് ബത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് അനീസ്യ ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് മായങ്കിന്റേയും അനീസ്യയുടേയും വിവാഹം നടന്നത്. മദ്യപാനിയായ മായങ്ക് പണത്തിനു വേണ്ടി അനീസ്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം, മായങ്കിന്റെ മാതാപിതാക്കള്‍ക്കെതിരെ ആരോപണ ഉണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അനീസ്യ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ഫഌറ്റ് ഈയിടെ വിറ്റിരുന്നു. ഇതിലൂടെ ലഭിച്ച 1.2 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ നിരന്തര പീഡനമെന്ന് അനീസ്യയുടെ മാതാപിതാക്കള്‍ ആരോപിച്ചു.