Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് ജെഎന്‍യു പിഴയിട്ടത് 20,000 രൂപ

ന്യൂദല്‍ഹി- രാജ്യത്ത് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയെ കുറിച്ച് പ്രതികരിക്കുന്നതിനിടെ പ്രധാമന്ത്രി നടത്തിയ വിവാദ പക്കോഡ (പൊരിക്കടി) വില്‍പ്പന പരാമര്‍ശത്തിനെതിരെ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഗവേഷണ വിദ്യാര്‍ത്ഥിക്ക് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) പിഴയിട്ടത് 20,000 രൂപ!. ഇതിനു പുറമെ ഹോസ്റ്റലില്‍ നിന്ന മാറാനും യൂണിവേഴ്‌സിറ്റി അന്വേഷണ സമിതി എം.ഫില്‍ വിദ്യാര്‍ത്ഥിയായ മനീഷ് കുമാര്‍ മീണയോട് ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ഭാഷാ പഠന കേന്ദ്രത്തില്‍ എം.ഫില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച കൂടി ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥിക്കെതിരെ നടപടി.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പൊരിക്കടി വില്‍പ്പനയും ഒരു ജോലിയാണെന്ന് ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോഡി പ്രതികരിച്ചിരുന്നു. സാമ്പത്തിക ശാസ്ത്ര മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ പ്രധാമന്ത്രി നടത്തിയ യുക്തിസഹമല്ലാത്ത പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. അങ്ങനെയാണെങ്കില്‍ യാചനയും ഒരു ജോലിയായി പരിഗണിക്കേണ്ടി വരുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ റോഡില്‍ വച്ച് പക്കോഡ പൊരിച്ചതിനാണ് മനീഷിനെതിരെ നടപടി. റോഡില്‍ തടസ്സം സൃഷ്ടിച്ചതിനാണ് മനീഷിനെതിരായ അച്ചടക്ക നടപടിയെന്ന് യൂണിവേഴ്‌സിറ്റി അന്വേഷണ സമിതി പറയുന്നു. ഇതിനു പിഴയായി 20,000 രൂപ അടക്കമണെന്നും ജൂലൈ 13-ന് ഹോസ്റ്റലില്‍ നിന്ന് മാറണമെന്നും ആവശ്യപ്പെട്ടാണ് മനീഷിന് നോട്ടീസ് നല്‍കിയത്.

പൊരിക്കടി ഉണ്ടാക്കി ബിസിനസ് നടത്താനുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്നും മനീഷ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളും തനിക്കുണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ പിഴയീടാക്കാവൂ എന്നും മനീഷ് ചുണ്ടിക്കാട്ടി. ഇവിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പകോഡ ഉണ്ടാക്കിയതിന് പിഴ ഈടാക്കാനാവില്ല. ഇത്രയും ഭാരിച്ച പിഴ അടക്കാന്‍ പണമില്ല. ഫൈനല്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ ദിവസങ്ങളെ ബാക്കിയുള്ളൂവെന്നും മനീഷ് പറയുന്നു. പിഴയിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മനീഷ്. 

മൂന്ന് പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത പിഎച്ഡി വിദ്യാര്‍ത്ഥിയായ സുഭാന്‍ശു സിങിന് അധികൃതര്‍ 40,000 രൂപയും പിഴയിട്ടിട്ടുണ്ട്.
 

Latest News