ന്യൂദൽഹി- ലൈംഗികാതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് ലൈംഗികാതിക്രമ അന്വേഷണ സമിതികൾ രൂപീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായുള്ള 2013 ലെ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കമ്മീഷൻ പരാമർശിച്ചു.
രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കും മെഡിക്കൽ കോളേജുകൾക്കുമാണ് മെഡിക്കൽ കമ്മീഷൻ കത്തയച്ചത്. എല്ലാ മെഡിക്കൽ കോളേജുകളും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കത്തിൽ അഭ്യർത്ഥിച്ചു.
മെഡിക്കൽ കോളേജുകളിലും സ്ഥാപനങ്ങളിലും അന്വേഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ടോ എന്നും സമിതികളുടെ ഘടന കർശനമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു.