ചെന്നൈ- നടി ശോഭനയുടെ വീട്ടിൽ തുടർച്ചയായി നടന്ന മോഷണത്തിനു തുമ്പായി. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയതോടെ താരം പരാതി പിൻവലിച്ചു.
അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. വീട്ടിൽ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. പണം മോഷ്ടിച്ച് ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് താരം തേനാംപെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഇവർ കുറ്റം ഏറ്റു പറഞ്ഞതോടെ താരം വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകുകയായിരുന്നു. ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.