Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ആകാശപാതയിലൂടെ യാത്ര ചെയ്യണോ? പത്തിരട്ടി ടോൾ കൊടുക്കേണ്ടിവരും

ആലപ്പുഴ- കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ആലപ്പുഴയിലെ അരൂർ-തുറവൂർ ആകാശപാതയിൽ കൂടിയ തുക ടോളായി നൽകേണ്ടി വരും. നിർമാണച്ചിലവനുസരിച്ചു ടോൾ നിശ്ചയിക്കുന്ന ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം സാധാരണ ടോൾ നിരക്കിലും ഏതാണ്ടു പത്തിരട്ടി കൂടുതൽ തുകനൽകേണ്ടി വരുമെന്നാണ് സൂചന. 
നിർദിഷ്ട അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ദൈർഘ്യം 12.75 കിലോമീറ്ററാണെങ്കിലും സാധാരണ പാതയിൽ 120 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നൽകേണ്ടി വരുന്ന ടോൾ തുകയായിരിക്കും ഇവിടെ നൽകേണ്ടിവരിക. 60 മീറ്ററിലധികം നീളം വരുന്ന പാലം, റെയിൽവേ മേൽപ്പാലം പോലെയുള്ള നിർമാണങ്ങളുണ്ടെങ്കിൽ ഇതിന്റെ ചെലവ് കണക്കിലെടുത്തു 10 ഇരട്ടി ടോൾ തുക ഈടാക്കണമെന്നാണു ദേശീയപാത അതോറിറ്റിയുടെ നിർദേശം. എലിവേറ്റഡ് പാതകൾക്കെല്ലാം ഇതുപ്രകാരം കൂടിയ ടോളാകും ഈടാക്കുക. 
രണ്ട് അടിപ്പാതകൾ അടുപ്പിച്ച് നിർമിക്കുമ്പേൾ ആകെ നീളം 60 മീറ്റർ കടന്നാൽ അതിന് എലിവേറ്റഡ് ഹൈവേക്കു സമാനമായി 10 ഇരട്ടി ടോൾ ഈടാക്കാനും തീരുമാനമുണ്ട്. ആലപ്പുഴ മാത്രമല്ല കേരളത്തിന്റെ പല ഭാഗത്തും നിർമിക്കുന്ന എലിവേറ്റഡ് പാതകൾക്കെല്ലാം ഇതു പ്രകാരം വൻ തുക ടോൾ ആയി നൽകേണ്ടി വരും. കേരളത്തിൽ ദേശീയപാക വികസനം നടക്കുന്ന പലയിടത്തും ആകാശപാതക്കായി ജനങ്ങൾ പ്രക്ഷോപത്തിലാണ്. ടോൾ നിരക്കിൽ വരാനിടയുള്ള വൻ വർധനയെക്കുറിച്ചു പലർക്കും അറിയില്ല. 
ഒരു അടിപ്പാതയുടെ ഇരു ദിശയിലും രണ്ട് കിലോമീറ്റർ ദൂരപരിധിയിൽ മറ്റൊരു അടിപ്പാത നിർമിക്കേണ്ടന്നാണ് ദേശീയ പാത അതോറിറ്റിക്കുള്ള നിർദേശം. എന്നാലും പലയിടത്തും ജനങ്ങളുടെ ആവശ്യവും സമരവുമെല്ലാം കാരണം ചെറിയ ദൂരത്തിനിടെ അടിപ്പാതകൾ നിർമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 
ദേശീയപാത 66 കടന്നു പോകുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ നിർമാണ ചിലവ് കൂടുതലാണ്. മൈസൂരു-ബംഗലൂരു എക്‌സ്പ്രസ് വേയിൽ കൂടിയ നരക്കാണു ടോളായി ഈടാക്കുന്നത്. അവിടെ 150 ൽ അധികം രൂപയാണ് ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് ഈടാക്കുന്നത്. 
 

Latest News