Sorry, you need to enable JavaScript to visit this website.

സമ്മർദം ശക്തമാക്കി പ്രതിപക്ഷം; നേതാക്കൾ മണിപ്പൂരിലേക്ക്

ന്യൂദല്‍ഹി- പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധി സംഘം  മണിപ്പൂരിലേക്ക്. വിഷയം പാർലമെന്റിൽ ഉന്നയിച്ചതിനു പിന്നാലെ കൂടുതൽ സജീവമാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും പ്രതിപക്ഷ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നു. മേയ് മാസം മുതല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സംസ്ഥാനത്തേക്ക് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളാണ് ഇന്നും നാളേയുമായി പോകുന്നത്. 21 അംഗ സംഘം റിലീഫ് ക്യമ്പുകൾ സന്ദർശിക്കും.

മറ്റ് പാർട്ടികളുടെ എംപിമാരുടെ ഒപ്പ് വാങ്ങാതെ ലോക്‌സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ കോൺഗ്രസ് തിരക്കിട്ടതിനെച്ചൊല്ലി സഖ്യത്തിൽ നേരിയ അഭിപ്രായവ്യത്യാസം ഉടലെടുത്ത ദിവസമാണ് മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചത്. പല പാർട്ടികളും അതൃപ്തി കോൺഗ്രസിനെ അറിയിക്കുകയും ചെയ്തു. ഇത് ഒഴിവാക്കാമായിരുന്ന തെറ്റാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെക്ക് സമ്മതിക്കേണ്ടി വന്നു.

കോൺഗ്രസിൽ നിന്ന് അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി, ജെഡിയുവിൽ നിന്ന് ലാലൻ സിങ്ങും അനിൽ ഹെഗ്‌ഡെ, ടിഎംസിയുടെ സുസ്മിത ദേവ്, ഡിഎംകെയിൽ നിന്ന് കനിമൊഴി, സിപിഐയുടെ സന്തോഷ് കുമാർ, സിപിഎമ്മിന്റെ എഎ റഹീം, ആർജെഡിയുടെ മനോജ് ഝാ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ജാവേദ് അലി ഖാൻ, ജെഎംഎമ്മിന്റെ മഹുവ മാജി, എൻസിപിയിൽ നിന്ന് മുഹമ്മദ് ഫൈസൽ, ഐയുഎംഎല്ലിന്റെ മൊഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻകെ പ്രേമചന്ദ്രൻ, എഎപിയുടെ സുശീൽ ഗുപ്ത, ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്ത്, വിസികെയിൽ നിന്ന് രവികുമാറും തിരുമാവളവനും, ആർഎൽഡിയുടെ ജയന്ത് ചൗധരിയുമാണ് പ്രതിനിധി സംഘത്തിലുള്ളത്.

മണിപ്പൂര്‍ വിഷയത്തില്‍ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്. പാർലമെന്റിന് പുറത്ത് പ്രസംഗങ്ങൾ നടത്തുമ്പോഴും അകത്ത് പ്രത്യക്ഷപ്പെടാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാർലമെന്റിന്റെ ചരിത്രത്തിൽ ഇതിനേക്കാൾ ഇരുണ്ട കാലഘട്ടം രാജ്യം കണ്ടിട്ടില്ലെന്നാണ് ഖാർഗെ പ്രതികരിച്ചത്. കഴിഞ്ഞ 85 ദിവസമായി മണിപ്പൂരിലെ ജനങ്ങൾക്ക് സഹായത്തിന് എത്താത്ത സർക്കാർ മനുഷ്യത്വത്തിന് തന്നെ കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News