ബെഗംളുരു-കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സിയുടെ ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട ബ്രിട്ടീഷ് ദമ്പതിമാര്‍ക്ക് 30000 പൗണ്ട് (ഏകദേശം 31.9 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന യുകെ കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എച്ച്പി സന്ദേശ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജൂലൈ 14ന് ഉത്തരവ് പുറപ്പെടുവിച്ചത്.
2002-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബ്രിട്ടീഷ് ദമ്പതിമാരായ നൈജലും കരോള്‍ ഹറാഡൈനും സഞ്ചരിച്ച കാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടമുണ്ടാക്കി എന്നാണ് കേസ്. ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ യുകെ കോടതിയാണ് കേസ് പരിഗണിച്ചത്. യുകെ കോടതിയുടെ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ കേസ് എത്തിയത്.
ഇന്റര്‍നാഷണല്‍ വൂളന്‍ മില്‍സും സ്റ്റാന്‍ഡേര്‍ഡ് വൂളും തമ്മിലുള്ള കേസിലെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും വിദേശരാജ്യങ്ങളിലെ കോടതികള്‍ വിധി ഇന്ത്യയില്‍ നടപ്പിലാക്കണമെങ്കില്‍ അതിന് ഇവിടെ മതിയായ സാധുതയുണ്ടായിരിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ഏകപക്ഷീയമായ വിധി തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
ഇതിനെ അടിസ്ഥാനമാക്കി കെഎസ്ആര്‍ടിസിയുടെ അപേക്ഷ സ്വീകരിച്ച കോടതി യുകെ കോടതിയുടെ വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.